കാത്തിരുന്ന ആ മാജിക് കോംബോ യാഥാർഥ്യമാകുന്നു; പോത്തേട്ടൻ ബ്രില്യൻസിലേക്ക് ലാലേട്ടൻ, ചിത്രത്തിന് ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേര്

മലയാള സിനിമാപ്രേമികൾ ഏറെ നാളായി കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ സംഭവിക്കുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഉൾപ്പടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ഫഹദ് ഫാസിൽ നായകനായെത്തിയ ‘ജോജി’ക്ക് ശേഷം അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞാണ് ദിലീഷ് പോത്തൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ മൂന്ന് സൂപ്പർ ഹിറ്റുകൾക്ക് ശേഷം പോത്തേട്ടൻ ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്.

ശക്തമായ തിരക്കഥയും വമ്പൻ അണിയറയും

ഹിറ്റ്മേക്കർ ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും (നെയ്മർ, കാതൽ ഫെയിം) ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹൻലാലിന്റെ തന്നെ ‘മലൈക്കോട്ടൈ വാലിബന്’ ശേഷം ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.

മലയാള സിനിമയിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് ‘നെടുങ്കണ്ടം മിറാക്കിളി’നായി ഒന്നിക്കുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്. സൈജു ശ്രീധരൻ എഡിറ്റിങ്ങും, അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും, മഷർ ഹംസ വസ്ത്രാലങ്കാരവും, റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു.

കൗതുകമുണർത്തി മോഷൻ പോസ്റ്റർ

പൊട്ടിപ്പൊളിഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മുഖം വ്യക്തമാക്കാത്ത ഒരു പുരുഷനും പ്രായമായ ഒരു സ്ത്രീയും ഒരു യുവതിയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് പോസ്റ്റർ. ഒരു കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം പ്രധാനമായും നടക്കുക. സിനിമാപ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ‘ഭാവന റിലീസ്’ തിയേറ്ററുകളിൽ എത്തിക്കും. മോഹൻലാലും ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുമ്പോൾ ആ കോംബോ മലയാള സിനിമയിൽ മറ്റൊരു ‘മിറാക്കിൾ’ തന്നെ സൃഷ്ടിക്കുമെന്ന ഉറപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *