
ഗായകന് ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്.
ഡാബ്സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം.
കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചത്.
റാപ്പർ ഡബ്സി (മുഹമ്മദ് ഫാസിൽ), ഫാരിസ്, റംഷാദ്, അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായവർ.
ഡബ്സി വിദേശത്ത് ഷോ ചെയ്തതിന്റെ ദൃശ്യങ്ങൾ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇവർക്കിടയിൽ നിലനിന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഡബ്സിയും സുഹൃത്തുക്കളും ബാസിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു എന്നാണ് ബാസിലിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന് തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന് ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു.
മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പോരെന്നും ഡബ്സിയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകർ വിമർശിച്ചു. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ ഡബ്സിയുടെ ഗാനം മാറ്റി കെജിഎഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു.
എന്നാൽ, വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്നാണ് അന്ന് ഡബ്സീ വ്യക്തമാക്കിയത്. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ലെന്നായിരുന്നു ഡബ്സി പറഞ്ഞത്.